പാലാ: രക്തദാനം ജീവിതത്തിന്റെ ഭാഗമാക്കിയ ഷിബു തെക്കേമറ്റം ദേശീയ സന്നദ്ധ രക്തദാന ദിനത്തില്‍ തന്റെ 136-ാമത് രക്തദാനം നടത്തി. അതോടൊപ്പം പാലാ ബ്ലഡ് ഫോറം ചെയര്‍മാനായിരുന്ന പാലാ ഡിവൈഎസ്പി കെ. സദന് യാത്രയയപ്പും നല്കി. പാലാ ബ്ലഡ് ഫോറം ചെയര്‍മാനായി പ്രവര്‍ത്തിച്ച കാലയളവില്‍ രക്തദാന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ ഡിവൈഎസ്പി കെ. സദനോടുള്ള ആദരസൂചകമായാണ് യാത്രയയപ്പ് നൽകിയത്.
ദേശീയ സന്നദ്ധ രക്തദാന ദിനാചരണത്തോടനുബന്ധിച്ച് പാലാ ബ്ലഡ് ഫോറത്തിന്റെ നേതൃത്വത്തില്‍ ലയണ്‍സ് ഇന്റര്‍നാഷണല്‍, ഫെഡറല്‍ ബാങ്ക്, പാലാ മരിയന്‍ മെഡിക്കല്‍ സെന്റര്‍ എന്നിവയുടെ സഹകരണത്തോടെ മരിയന്‍ മെഡിക്കല്‍ സെന്റര്‍ ബ്ലഡ് ബാങ്കിലാണ് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്.
മരിയന്‍ മെഡിക്കല്‍ സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ലിന്‍സി ഇമ്മാനുവല്‍ എഫ്സിസി, സൂപ്രണ്ട് ഡോ. മാത്യു തോമസ്, മരിയസദനം ഡയറക്ടര്‍ സന്തോഷ് ജോസഫ്, ലയണ്‍സ് ഡിസ്ട്രിക്ട് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സിബി പ്ലാത്തോട്ടം, ഈരാറ്റുപേട്ട ജനമൈത്രി സിആര്‍ഒ ബിനോയി തോമസ്, ഹോസ്പിറ്റല്‍ ഓപ്പറേഷന് മാനേജര്‍ ബാബു സെബാസ്റ്റ്യന്‍, കൊഴുവനാല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് സാബു മുകളേല്‍, ജോയിന്റ് കണ്‍വീനര്‍ ഡോ. പി.ഡി. ജോര്‍ജ്, ട്രഷറര്‍ പ്രഫ. സുനില്‍ തോമസ്, സജി വട്ടക്കാനാല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
38 വര്‍ഷം മുമ്പ് രക്തദാനം ആരംഭിച്ച ഷിബു തെക്കേമറ്റം 136 തവണ രക്തം ദാനം ചെയ്തിട്ടുണ്ട്. ആളുകളെ രക്തദാനത്തിന് പ്രേരിപ്പിക്കുകയും നിരവധി രക്തദാന ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തിട്ടുണ്ട്.